തൃശൂർ: കണക്കനുസരിച്ച് പൂരം നാൾ നാളെയാണെങ്കിലും ലോകം കാത്തിരിക്കുന്ന ആ പൂരം ഇന്നാണ്. ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്. അങ്ങനെ, ഇക്കുറി മകം നാളിൽ പൂരമെത്തി.
ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.
രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക. തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കും.
11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോൾ നടക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ ആയിരങ്ങൾ അവിടെ ഇടം പിടിച്ചിരിക്കും. കോങ്ങാട് മധു ആണ് പ്രമാണം. പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും.
ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും. കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം. അവിടെയുമുണ്ടാകും ജനസഞ്ചയം. വൈകിട്ട് 5.30ന് തെക്കേനടയിൽ കുടമാറ്റം. നാളെ പുലർച്ചെ 3ന് വെടിക്കെട്ട്.