ദില്ലി: പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരൺ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രതിരോധ സേനാംഗങ്ങൾ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. പിടിയിലായ സമയത്ത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് ഇയാൾ ധരിച്ചിരുന്നത്. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായി മറുപടി നൽകിയില്ലെന്നും വിവരമുണ്ട്. ഏപ്രിൽ 22 ന് ബൈസരൻവാലിയിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഷളായ ഇന്ത്യാ - പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കെയാണ് ബിലാൽ പിടിയിലായിരിക്കുന്നത്.
അതേസമയം പാകിസ്ഥാനെതിരെ തിരിച്ചടി ഇന്ത്യ ശക്തമാക്കി. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നടപടികൾ. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ ഉണ്ടാകും.