ന്യൂദൽഹി- പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആക്രമണം. പാക്കിസ്ഥാനിലെയും പാക്കധീന കശ്മീരിലെയും ഒൻപത് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ മൂന്ന് പ്രദേശങ്ങളിൽ ഇന്ത്യ “വ്യോമാക്രമണം” നടത്തിയതായി പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. പാക് അധീന കശ്മീരിലെ രണ്ട് പട്ടണങ്ങളെയും ഇന്ത്യയുടെ അതിർത്തിയോട് ചേർന്നുള്ള പഞ്ചാബിലെ ചില പട്ടണങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് തിരിച്ചടിക്ക് ഇന്ത്യ പേരിട്ടത്.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്നു ഇന്ത്യ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരർ 26 പേരെയാണ് ഇവിടെ വെടിവെച്ചു കൊന്നത്.
പാക്കധീന കശ്‌മീരിലും പഞ്ചാബിലും വലിയ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്ക് ശക്തമായ മറുപടി നൽകുമെന്ന് പാക്സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. വ്യോമാക്രമണങ്ങളെ “ഹീനമായ പ്രകോപനം” എന്നാണ് പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്.
അതേസമയം, ഇന്ത്യയുടെ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോട്ലി, ബഹാവൽപൂർ, മുരിദ്കെ, ബാഗ്,മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത് എന്നാണ് ഇന്റർ- സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്‌ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്.