ചെങ്ങമനാട്: മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാൾ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീനാണ് (39) പിടിയിലായത്. പട്ടാപ്പകൽ പറമ്പയം ജുമാ മസ്ജിദിനകത്ത് കയറി നേർച്ചക്കുറ്റികളിൽ നിന്ന് പണം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച സ്കൂട്ടറും പിടികൂടി.
ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. വഴിയാത്രക്കാരനെ പോലെ മസ്ജിദിലെത്തുകയായിരുന്നു. രണ്ട് നേർച്ചക്കുറ്റികളിൽ നിന്നാണ് പണം മോഷ്ടിച്ചത്. ജീവനക്കാരനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും മസ്ജിദ് ഭാരവാഹികളും ചേർന്ന് പിടികൂടി. മുമ്പ് രണ്ട് തവണ പറമ്പയം മസ്ജിദിൽ നിന്ന് നേർച്ചക്കുറ്റി കുത്തിത്തുറന്ന് ഇയാൾ പണം കവർന്നതായാണ് സൂചന.
എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. എസ്.ഐ ബൈജു കുര്യൻ, സീനിയർ സി.പി.ഒമാരായ കെ.കെ നിഷാദ്, ടി.എൻ. സജിത്, ടി.എ കിഷോർ, ജിസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്