കോഴിക്കോട് : വടകര ചോറോട് കുറുക്കന്റെ കടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. ചോറാട് നെല്യങ്കര നാളോംവയലിന് സമീപം മടത്തും താഴെക്കുനി രഞ്ജിത്തിനാണ് കുറുക്കന്റെ കടിയേറ്റത്.
പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ ആക്രമിച്ചതിന് പിന്നാലെ കുറുക്കൻ തൊട്ടടുത്ത ചെമ്പോത്തിൽ കരുണന്റെ വളർത്തു പശുവിനെയും കടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാദാപുരത്തെ കല്ലാച്ചി ഈയംകോട് മൂന്നര വയസ്സുകാരിക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുക്കന്റെ കടിയേറ്റിരുന്നു . മൂന്നരവയസ്സുകാരി തെക്കുമ്പാട്ട് ലുവ ഖദീജ, വിദ്യാര്‍ത്ഥിനി വണ്ണത്താംവീട്ടില്‍ വിധുപ്രിയ (19) എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്.
വീടിൻറെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മൂന്നര വയസ്സുകാരിക്ക് കുറുക്കന്റെകടിയേറ്റത്. ഇതിന് പിന്നാലെ ഈയംകോട് പുഴയോരത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ നേര്‍ക്ക് കുറുക്കന്‍ ഓടിയടുക്കുന്നത് തടയുന്നതിനിടെയാണ് വിധു പ്രിയയ്ക്കു കുറുക്കന്റെ കടിയേറ്റത്.
ഇരുവരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ മൂന്നര വയസ്സുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.