കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴയുടെ ആഴക്കയങ്ങളിൽ ഏറ്റവും അപകടകാരിയായ പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.ഇന്നലെ വൈകുന്നേരം ആഴക്കയത്തിന്റെ കാണാമറയത്ത് അപ്രത്യക്ഷമായ മലപ്പുറം സ്വദേശി റമീസ് സഹിഷാദ് ഒടുവിലത്തെ ഇര. സംഘമായി എത്തി നീന്തുകയായിരുന്ന യുവാക്കൾ, കൂടെയുണ്ടായിരുന്ന റമീസ് മുങ്ങിത്താണത് അറിഞ്ഞില്ല. രക്ഷാപ്രവർത്തകർ മുങ്ങിത്തപ്പി യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കാത്തതിനാൽ ഇവിടെ ലൈഫ് ഗാർഡുകളെ നിയമിക്കുകയോ ജീവൻ രക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പ്രവേശനകവാടത്തിൽ അപകടസൂചനാ ബോർഡ് വെച്ചിട്ടുണ്ട്. സുരക്ഷാസംവിധാനം ഇതിലൊതുങ്ങുന്നു. കഴിഞ്ഞകൊല്ലം മൺസൂൺ സീസണിൽ തിരുവമ്പാടി, കോടഞ്ചേരി പോലീസ് സംയുക്തമായി ഇവിടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വേനൽക്കാലത്ത് നീരൊഴുക്ക് കുറഞ്ഞതിനാൽ ഇപ്പോൾ കാവലുമില്ല. ഒട്ടേറേ ഊടു വഴികളിലൂടെ എത്തിച്ചേരാവുന്ന പതങ്കയത്ത് സഞ്ചാരികളെത്തുന്നത് തടയാൻപറ്റാത്ത സ്ഥിതിയുണ്ട്.
പതങ്കയം പല കയങ്ങൾകൂടി ചേർന്നതാണ്. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടും തടാകം പോലെയുള്ള കയത്തിന്റെ സ്വച്ഛന്ദമായ ഉപരിതലവും സഞ്ചാരികളുടെ മനംമയക്കും. ആഴംകുറഞ്ഞഭാഗത്ത് കൂട്ടമായി നീന്താൻ ഇറങ്ങുന്നവർ നീന്തിത്തുടിച്ച് കയത്തിലേക്ക് എത്തുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ആഴത്തിലേക്ക് പോകുന്തോറും തണുപ്പ് കൂടുന്നതിനാൽ പല ശാരീരിക അസ്വസ്ഥതകളും ഉണ്ടായേക്കാമെന്നാണ് പ്രദേശത്തെ രക്ഷാപ്രവർത്തകർ പറയുന്നത്. മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ വഴുക്കലുള്ള കാഠിന്യമേറിയ പാറക്കൂട്ടങ്ങളും അപകടക്കെണിയൊരുക്കും. നഗരത്തിൽ നിന്നും എത്തുന്ന വിനോദസഞ്ചാരികളോട് അപകടത്തെക്കുറിച്ച് നാട്ടുകാർ മുന്നറിയിപ്പ് നൽകിയാലും അവഗണിക്കുകയാണ് പതിവ്. മൺസൂണിൽ ആർത്തലച്ച് രൗദ്രഭാവം കൈക്കൊള്ളുന്ന ഇരുവഞ്ഞിപുഴയിൽ ഇറങ്ങുന്നത് ഏതാനുംവർഷമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം വിലക്കിയിട്ടുണ്ട്. സുരക്ഷാ നടപടികൾ കൈക്കൊള്ളുന്നതുവരെ പതങ്കയത്തിന്റെ ഇരുകരകളിലും പോലീസ് നിരീക്ഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.