കോഴിക്കോട്:സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശി റണോൾഡ് കിരൺ കുന്തറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം. ഏപ്രിൽ പത്തിനാണ് റാണോൾഡ് കിരൺ കുന്തറിനെ സൗദിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മകൻ ആത്മഹത്യ ചെയ്യില്ലെന്നും സ്പോൺസറുടേയും ഭാര്യയുടേയും സഹായികളുടേയും നിരന്തര പീഡനത്തിനിരയായി മകൻ കൊല്ലപ്പെട്ടാതാണെന്നുമാണ് റണോൾഡ് കിരൺ കുന്തറിന്റെ രക്ഷിതാക്കൾ ആരോപിക്കുന്നത്. പത്താംതീയതി മകൻ്റെ മിസ്‌ഡ് കോൾ കണ്ട് തിരിച്ചുവിളിച്ചപ്പോൾ ഫോണിൽ കിട്ടിയില്ല.
റണോൾഡിന്റെ തൊട്ടടുത്ത് ഡ്രൈവറായി ജോലിചെയ്യുന്ന സോളമനെ ബന്ധപ്പെട്ടപ്പോൾ തലേദിവസം മകന് രക്തസമ്മർദം കൂടിയതിനാൽ സ്പോൺസർ ആശുപത്രിയിലാക്കിയെന്നും ഹൃദയാഘാതം മൂലം മകൻ മരിച്ചെന്നുമാണ് അറിയിച്ചത്. കൂടൂതൽ വിവരം അറിയാനായി വീണ്ടും വിളിച്ചപ്പോൾ മകൻ തൂങ്ങിയ നിലയിലായിരുന്നുവെന്നും കൈയും കാലും പിന്നിൽകെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പറഞ്ഞു.