മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42 കാരി വീട്ടിൽ നിന്നു അധികം പുറത്തു പോകാത്ത വ്യക്തിയെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്നു പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇവർക്കു ആന്റി ബോഡി നൽകും.
വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും, മറാക്കര, എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.
ഉറവിടത്തെ കുറിച്ചു വ്യക്തമായ വിവരമില്ല. ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ട 7 പേരുടെ സാമ്പിൾ പരിശോധിച്ചു. ഏഴും നെഗറ്റീവാണ്- മന്ത്രി കൂട്ടിച്ചേർത്തു.
വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.
കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്നാണ് യുവതിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.