കോഴിക്കോട്: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അപകടം തുടർക്കഥയായതോടെ സുരക്ഷ ശക്തമാക്കുന്നു. വേനൽ അവധിക്കാലമായതിനാൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടും ആവശ്യമായ സുരക്ഷ പലയിടങ്ങളിലുമില്ല. മരണക്കയങ്ങളിൽപ്പെട്ട് ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുകയാണ്. അപകട സാദ്ധ്യത ഏറെയുള്ള കോടഞ്ചേരി പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി റമീസ് സഹിഷാദാണ് ഒടുവിൽ മരിച്ചത്. ഈ സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ നിയന്ത്രണം കർശനമാക്കുന്നത്. പ്രധാനപ്പെട്ട ബീച്ചുകളിൽ പരിചയ സമ്പന്നരായ ലെെഫ് ഗാഡുകളെ സജ്ജമാക്കി. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. സി.സി.ടി.വിയില്ലാത്ത ഇടങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. അപകട സാദ്ധ്യതയുള്ള ഇടങ്ങളെക്കുറിച്ച് സഞ്ചാരികൾക്ക് ബോധവത്കരണം നൽകും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, വടകര സാന്റ്ബാങ്ക്സ്, കടലുണ്ടി, കാപ്പാട് ബീച്ച്, സരോവരം മലയോരത്തെ പ്രധാന ടൂറിസം ആകർഷണങ്ങളായ ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, ഉറുമി, പൂവാറൻതോട്, കക്കാടംപൊയിൽ, തോട്ടപ്പള്ളി, കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി