കോട്ടയം: സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും. മീനടം പീടികപ്പടിയില്‍ വാടകക്ക് താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എ.ആർ. വിനോദ് കുമാർ (കമ്മൽ വിനോദ് -46), ഭാര്യ എൻ.എസ്. കുഞ്ഞുമോൾ (44) എന്നിവരെയാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി-രണ്ട് ജഡ്ജി ജെ. നാസര്‍ ശിക്ഷിച്ചത്. പയ്യപ്പാടി മലകുന്നംവർഗീസ് ഫിലിപ്പിനെ (സന്തോഷ്-34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ച് ചാക്കില്‍കെട്ടി ഉപേക്ഷിച്ച കേസിലാണ് വിധി.
ഒന്നാം പ്രതി വിനോദിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒപ്പം തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും 25000 രൂപ പിഴയും അധികമായി വിധിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ തടവ് പൂർത്തിയാക്കിയശേഷമാകണം വിനോദ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടതെന്നും വിധിയിൽ പറയുന്നു.
രണ്ടാംപ്രതി കുഞ്ഞുമോള്‍ക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം പിഴയും തെളിവ് നശിപ്പിച്ചതിന് രണ്ടുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കുഞ്ഞുമോൾ തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയായ 10.50 ലക്ഷം രൂപ കൊല്ലപ്പെട്ട സന്തോഷിന്‍റെ പിതാവിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടുപ്രതികളും ആറുമാസം വീതം അധികശിക്ഷ അനുഭവിക്കണം.
2017 ആഗസ്റ്റ് 23ന് രാത്രിയാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. 27നാണ് തലയില്ലാത്ത ശരീരഭാഗം രണ്ടുചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാങ്ങാനം മന്ദിരം കലുങ്കിന് സമീപം കണ്ടെത്തിയത്. തുടര്‍ന്ന്, അന്നത്തെ കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ ആയിരുന്ന സാജു വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തശേഷം 28നാണ് സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തുനിന്ന് തലഭാഗം കണ്ടെത്തിയത്.
കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു കുറ്റപത്രം. കുഞ്ഞുമോളുടെ ഫോണില്‍നിന്ന് വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ സന്തോഷിനെ വിനോദ് പിന്നിൽനിന്ന് തലക്കടിച്ച് കൊന്നെന്നായിരുന്നു കേസ്. തുടർന്ന് വിനോദും കുഞ്ഞുമോളും ചേര്‍ന്ന് ഓട്ടോറിക്ഷയിലെത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയായിരുന്നു സംഭവം.