ഇടുക്കി:അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പാറ സ്വദേശികളായ മരുതുംമൂട്ടില്‍ വീട്ടില്‍ ബിനോയ് എന്ന് വിളിക്കുന്ന സരീഷ് ജോര്‍ജ് (46) രതിവിലാസം വീട്ടില്‍ രമേശ് (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു ഇരുവരും. സരീഷ് ജോര്‍ജിനെ സെന്റ് പയസ് കോണ്‍വെന്റ് വക സ്ഥലത്തെ കിണറ്റിലും രമേശിനെ വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ കോണ്‍വെന്റ് വകസ്ഥലത്തെ കിണറ്റിലെ മോട്ടറിന്റെ ഫുട് വാല്‍വില്‍ വെള്ളം നിറക്കുന്നതിനായി എത്തിയ വികാരി ഫാ. ബെന്നിയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. പിന്നീട് മറയൂര്‍ പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് സരീഷ് ആണെന്ന് വിവരം തിരിച്ചറിഞ്ഞത്. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെയാണ് രമേശിനെ വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സഹോദരന്‍ കണ്ടത്. മൂന്നാറില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. കിണറിന് സമീപത്ത് നിന്നും ഒഴിഞ്ഞ മദ്യകുപ്പിയും ഗ്ലാസും ഉപയോഗിച്ച ശേഷം ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി.
ഇരുവരും ഒരുമിച്ച് പോയതായി ബന്ധുക്കൾ
സരീഷ് തിങ്കളാഴ് ഉച്ചയ്ക്ക് ഒരു മണിക്ക് രമേശിനൊപ്പം പോയതാണെന്നും പിന്നീട് തിരികെ എത്തിയിട്ടില്ല എന്നും മാതാവ് മൊഴി നല്‍കി. തിങ്കളാഴ്ച്ച ഇരുവരും ഒരുമിച്ച് പോകുന്നതായി പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ രമേശിനെ ഇന്ന് പുലർച്ചെ കണ്ടതായി ബന്ധുക്കള്‍ മൊഴി നല്‍കി. പൊലീസ് ഇരുവരുടെയും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.