ന്യൂഡൽഹി: ജമ്മുവിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ, ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ ജമ്മുവിൽ തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളാണ് പാകിസ്താന്‍റെ ഡ്രോണുകൾ തകർത്തത്. പൂഞ്ചിലും രജൗരിയിലും കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ഉറിയിൽ പാക് വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തെന്നും വാർത്തകളുണ്ട്. ഇന്ത്യയെ ലക്ഷ്യമാക്കി പാകിസ്താൻ അയച്ച 50ഓളം ഡ്രോണുകളാണ് സൈന്യം തകർത്തത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, സിയാൽകോട്ട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി.
ആക്രമണത്തിനുപിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണു വിവരം. സാമ്പ ജില്ലിൽ നുഴഞ്ഞുകയറ്റു ശ്രമം അതിർത്തി സുരക്ഷ സേന തകർത്തു. ഓപറേഷൻ സിന്ദൂറിന് പിന്നാലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ച പാകിസ്താന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിലെ 15 സൈനിക കേന്ദ്രങ്ങളെ പാകിസ്താൻ ലക്ഷ്യംവെച്ചതോടെയാണ് സൈന്യം ശക്തമായ മറുപടി നൽകിയത്.
പാകിസ്താനിലെ ഭീകരരുടെ താവളങ്ങൾ തകർത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെയാണ് ബുധനാഴ്ച രാത്രി പാക് സൈന്യം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തത്. ഇവയെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. അവന്തിപുര, ശ്രീനഗർ,ജമ്മു, പത്താൻകോട്ട്, അമൃതസർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭാട്ടിൻഡ, ചണ്ഡിഗഢ്, നാൽ, ഫലോദി, ഉത്തർലായ്, ഭുജ് എന്നിവിടങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ഓപറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ കൈയോങ്ങിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.