നെടുമ്പാശ്ശേരി: അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) അധികൃതർ അറിയിച്ചു.
വിദേശത്തേക്ക് പോകുന്ന യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണം. സാധാരണയുള്ള പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് മറ്റൊരു പരിശോധനകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന് നിർദേശം നൽകിയത്.
സുരക്ഷ ശക്തമാക്കിയതിനെത്തുടർന്ന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും വാഹനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.
അതേസമയം ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ച പശ്‌ചാത്തലത്തില്‍ വടക്കേയിന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നത് മെയ് 15 വരെ നീട്ടി. ഇന്നലെ വടക്കേയിന്ത്യയിലെ വിവിധ നഗരങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ പാകിസ്ഥാന് ശ്രമിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിയന്ത്രണം നീട്ടിയത്. പുതുക്കിയ സമയക്രമം പ്രകാരം മെയ് 15 രാവിലെ വരെ 28 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം എല്ലാ വിമാനത്താവളങ്ങളെയും വ്യോമയാന കമ്പനികളെയും കേന്ദ്രം അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് എഎന്‍ഐയുടെ വാര്‍ത്തയില്‍ പറയുന്നു.
ഇതോടെ ശ്രീനഗര്‍, ജമ്മു, ലേ, അമൃത്‌സര്‍, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, രാജ്‌കോട്ട്, ജോധ്‌പൂര്‍, കൃഷ്‌ണഘട്ട്, ജയ്‌സാല്‍മീര്‍, മുദ്ര, ജാംനഗര്‍, പോര്‍ബന്തര്‍, ഗ്വാളിയോര്‍, പാട്യാല, ഹല്‍വാര, ഷിംല, ഭുജ്, കണ്ട്‌ല, കേശോദ്, ഹിൻഡൻ തുടങ്ങിയ വടക്കേയിന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് മെയ് 15-ാം തീയതി വരെ ഒരു വിമാന സര്‍വീസും നടക്കില്ല.
വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് മെയ് 15 വരെ നീട്ടിയതായും തടസ്സപ്പെടുന്ന സര്‍വീസുകളെയും കുറിച്ചും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സാമൂഹ്യമാധ്യമങ്ങളില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍, ലേ, ജോധ്‌പൂര്‍, അമൃത്‌സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഢ്, രാജ്‌കോട്ട് എന്നീ 9 വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കിയതായാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് യാത്രക്കാരോട് എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.