മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 58 പേർ. ആറു പേരുടെപരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസിന്റെ ഉറവിടം കണ്ടെത്താനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന തുടങ്ങി. രോഗലക്ഷണങ്ങളോടെ നിലവിൽ ഏഴു പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം പരിശോധിച്ച ആറുപേരുടെ കൂടി ഫലം നെഗറ്റീവായി. ഇതുവരെ 13 പേരുടെ പരിശോധനാഫലമാണ് വന്നത്.
ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലേക്ക് മാറ്റി. നിരീക്ഷണത്തിലുള്ള 12 പേർ അടുത്ത കുടുംബാംഗങ്ങളാണ്. എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈ റിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ അതതു സ്ഥലങ്ങളിൽ ഐസൊലേഷനില്‍ കഴിയണം.
രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫീവര്‍ സര്‍വൈലന്‍സ് സർവേ ഇന്നു മുതല്‍ ആരംഭിക്കും. 4 ദിവസം കൊണ്ട് 4749 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.