കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ. അസം സ്വദേശി നസീബി ഷെയ്ഖിനെ കോഴിക്കോട് നല്ലളം പൊലീസാണ് അസമിൽ നിന്ന് പിടികൂടിയത്. അസം സ്വദേശിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തും ഹരിയാന സ്വദേശിയുമായ മറ്റൊരാൾക്ക് 25,000 രൂപയ്ക്ക് വിൽക്കുകയും ചെയ്‌തുവെന്നാണ് നസീബി ഷെയ്ഖിനെതിരായ കേസ്.
2024 ഡിസംബറിൽ ഇയാളെ അസമിൽ നിന്ന് പിടികൂടി കോഴിക്കോടേക്ക് കൊണ്ടുവരവെയാണ് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്താറായപ്പോൾ ബാത്റൂമിൽ പോകണമെന്ന് പറഞ്ഞ് കൈയാമം അഴിപ്പിച്ച പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിചാടിപ്പോയ സംഭവത്തിൽ നല്ലളം എസ്ഐ ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസിന് തലവേദനയായിരുന്ന പ്രതിയെ തുടർച്ചയായ നിരീക്ഷണത്തിനൊടുവിൽ അസം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.