ബത്തേരി ∙ ബത്തേരി ടൗണിലും പുലിയിറങ്ങി. വീട്ടുമുറ്റത്തെ കോഴിക്കൂട് പൊളിച്ച പുലി 7 കോഴികളെ കൊന്നു തിന്നു. ബത്തേരി കോട്ടക്കുന്ന് പുതുശ്ശേരിൽ പോൾ മാത്യൂസിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. വീടിനു പിന്നിലെ കോഴിക്കൂട് പുലി തകർത്തു. കൂട്ടിലുണ്ടായിരുന്നു 7 കോഴികളെ കൊന്നു തിന്നതായി പോൾ മാത്യൂസ് പറഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നേമുക്കാലിന് കോഴികളുടെ കരച്ചിലും നായ്ക്കളുടെ കുരയും കേട്ടുണർന്ന പോൾ മാത്യൂസ് പിൻവശത്തെ വാതിൽ തുറന്നു നോക്കുമ്പോൾ കണ്ടത് കോഴിക്കൂട് പൊളിഞ്ഞു കിടക്കുന്നതാണ്. കോഴിയുടെ തൂവലുകൾ ചിതറിക്കിടക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ രാത്രി 12.06നും പുലർച്ചെ 1.45 നും കോഴിക്കൂടിന് സമീപം പുലിയെത്തുന്നതും കോഴികളെ പിടികൂടുന്നതും കണ്ടു.
2 തട്ട് ആയി നിർമിച്ച കോഴിക്കൂടിന്റെ അടിഭാഗമാണ് പുലി ആദ്യം പൊളിച്ചത്. അവിടെ കോഴികൾ ഉണ്ടായിരുന്നില്ല. പിന്നീട് വീണ്ടുമെത്തിയ പൂലി കൂടിന്റെ മുകൾതട്ടിലെ 3 ഭാഗങ്ങൾ പൊളിച്ചു. കോഴികളെ ഓരോന്നായി വലിച്ചെടുത്ത് ദൂരെ കൊണ്ടുപോയി ഭക്ഷിക്കുകയായിരുന്നു. പോൾ മാത്യൂസിന്റെ കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളിലായി കോഴിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. നഷ്ടപ്പെട്ട 7 കോഴികളിൽ നാലെണ്ണം കരിങ്കോഴികളായിരുന്നു.
കഴിഞ്ഞ 9ന് പുലർച്ചെയും കോഴിക്കൂടിന്റെ ഒരു ഭാഗം പൊളിച്ച നിലയിൽ കണ്ടിരുന്നു. അന്നും 4 കോഴികളെ കാണാതായിരുന്നു. മരപ്പട്ടിയോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്. ഇന്നലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ അന്നും വന്നതും പുലിയായിരിക്കാനാണ് സാധ്യതയെന്ന് പോൾ മാത്യൂസ് പറഞ്ഞു. വിവരമറിഞ്ഞയുടനെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി ഇനിയും വരാനുള്ള സാധ്യതയുണ്ട്.
ടൗണിൽ മൈസൂരു റോഡ് ജംക്‌ഷനിലും ഗീതാഞ്ജലി പമ്പ് പരിസരത്തും മന്തൊണ്ടിക്കുന്ന് കവലയിലും പുലി കറങ്ങി നടക്കുന്നതായി സംശയമുണ്ടെന്ന് നാട്ടുകാർ പറയുന്നു. തന്റെ മുന്നിലേക്ക് വലിയൊരു ജീവി ചാടി വന്നതായും ഇരുട്ടായതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും കഴിഞ്ഞ ദിവസം പ്രദേശത്ത് പത്ര വിതരണത്തിനെത്തിയ ഏജന്റ് കെ.പി. ജോബി പറഞ്ഞു. ഒരു വീട്ടിൽ പത്രം ഇട്ട് തിരിഞ്ഞ ഉടനെ ആയിരുന്നു ഇത്. നിലത്തു വീണു പോയ ജോബി പിന്നീട് ഓടി രക്ഷപ്പെടുകയാണുണ്ടായത്