മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവും ലഹരി മരുന്നുകളുമായി മൂന്നു യുവതികൾ പിടിയിലായി. തായ്ലൻഡിൽ നിന്ന് കോലാലമ്പൂർ വഴി എത്തിച്ച 40 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റ്റീവിന് കീഴിലുള്ള കരിപ്പൂർ എയർ കസ്റ്റംസ് വിഭാഗമാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത് സൈദു, കോയമ്പത്തൂർ സ്വദേശി കവിത രാജേഷ്കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്‌ണൻ എന്നിവരാണ് പിടിയിലായത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവിന് പുറമേ തായ്ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ലഹരിമരുന്നും ഇവരിൽ നിന്ന് പിടികൂടി. ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്‌കറ്റ് എന്നിവയിൽ കലർത്തിയ നിലയിലായിരുന്ന് ലഹരി മരുന്ന്. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്