കൊച്ചി:എറണാകുളം കളമശ്ശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോൺ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്.
കളമശ്ശേരി സ്ഫോടനകേസിലെ പ്രതി ഡൊമനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വാട്ട്സാപ്പ് സന്ദേശത്തിലൂടെയായിരുന്നു ഭീഷണി.മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നും സന്ദേശത്തിലുണ്ട്. പിആർഒയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെൻ്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടയിൽ സ്ഫോടനമുണ്ടായത്. പെട്രോൾ ബോംബ് ഉയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ.