കൊച്ചി: വന്ദേഭാരത് ഉള്‍പ്പെടെയുളള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയ സംഭവത്തില്‍ നടപടിയുമായി റെയില്‍വേ. പഴകിയ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിന് റെയില്‍വേ ഒരുലക്ഷം രൂപ പിഴ ചുമത്തി. ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐആര്‍സിടിസി ഏരിയാ മാനേജര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് സംഭവം അന്വേഷിക്കുക.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഐആര്‍സിടിസി റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും കൊമേര്‍ഷ്യല്‍ ലൈസന്‍സും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു.