വടകര :പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ പിടിയിലായി. 10,000 രൂപയും 90,000 രൂപയുടെ ചെക്കും ഉൾപ്പടെ കൈക്കൂലി വാങ്ങിയ കോഴിക്കോട് വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായ ഇ.വി. രവീന്ദ്രനെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
അധ്യാപിക പി.എഫ് അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. സ്കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രൻ പി.എഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് ഒരു ലക്ഷം രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. പി.എഫ് അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം ഇയാൾ വൈകിപ്പിക്കുകയും ചെയ്തു.
അധ്യാപിക ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇതിനിടെ ഇന്ന് വൈകിട്ട് ഏഴിന് വടകര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് മുന്നൽ വെച്ച് അധ്യാപികയിൽനിന്നും കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും