കോഴിക്കോട്:കനത്ത മഴയെ തുടർന്ന് ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 44 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 56 പുരുഷന്മാരും 52 സ്ത്രീകളും 43 കുട്ടികളും അടക്കം 151 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാംപുകളിലായി ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 30 പേരുണ്ട്. വടകര താലൂക്കിലെ ക്യാംപിൽ 36 കുടുംബങ്ങളിൽ നിന്നുള്ള 119 പേർ താമസിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ ക്യാംപിൽ രണ്ടുപേരുണ്ട്.
പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ചിറ്റംവീട് ബണ്ട് കരകവിഞ്ഞപ്പോൾ. പഴയുടെ സമീപപ്രദേശങ്ങളിലെ 60 വീടുകളിൽ വെള്ളം കയറി.
ജില്ലയിൽ ഇന്നലെ ഏറ്റവുമധികം മഴ പെയ്തത് വടകര മേഖലയിലാണ് – 14.68 സെന്റിമീറ്റർ. കോഴിക്കോട് മേഖലയിൽ 10.53 സെന്റിമീറ്ററും കൊയിലാണ്ടി മേഖലയിൽ 9 സെന്റിമീറ്ററും മഴ പെയ്തു. വടകര നഗരത്തിൽ 13.4 5സെന്റീമീറ്റർ മഴയും കോഴിക്കോട് നഗരത്തിൽ 6.6 സെന്റീമീറ്റർ മഴയും കുന്നമംഗലത്ത് 6.1 സെന്റീമീറ്റർ മഴയും ലഭിച്ചു. ഉറുമിയിൽ ഇന്നലെ 4.5 സെന്റീമീറ്റർ മഴയാണ് പെയ്തത്.
കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. തുടർച്ചയായ രണ്ടാംദിവസവും മാത്തോട്ടത്ത് വീണ്ടും റെയിൽപാളത്തിലേക്ക് മരം വീണു. മലയോര ഹൈവേ ഇരുപത്തിയാറാം മൈലിൽ റോഡിൽ പതിച്ച കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാൽ തലയാട് - കക്കയം റൂട്ടിൽ ഗതാഗത തടസ്സം തുടരുന്നു. വടകര മേഖലയിൽ കടൽ ക്ഷോഭം ശക്തമായതോടെ വടകരയിൽ 50 വീട്ടുകാരെ മാറ്റി താമസ്സിപ്പിച്ചു. വടകര ബീച്ച്, കൊയിലാണ്ടി വളപ്പ്, അഴിത്തല, കരിയാടി, പുറങ്കര, മുകച്ചേരി ഭാഗങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്. കൊയിലാണ്ടി മീത്തിലകണ്ടി ദേശീയപാതയിൽ കാറ്റിൽ റോഡിലേക്ക് പൊട്ടി വീണു. ശക്തമായ കാറ്റിൽ കുരിയാടി ലേലപ്പുരയുടെ മേൽക്കൂര തകർന്നു. ചോമ്പാൽ ഹാർബർ സമീപം പാർക്ക് ചെയ്ത കൊയിലാണ്ടി സ്വദേശിയുടെ കാറിന് മുകളിൽ കാറ്റാടിമരം വീണു.
ബണ്ട് തുറന്നില്ല; 60 വീടുകളിൽ വെള്ളം കയറി
പുറക്കാട്ടിരി∙ കനത്ത മഴയെ തുടർന്ന് പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടും പുറക്കാട്ടിരി ചിറ്റംവീട് ബണ്ട് തുറക്കാത്തതിനെ തുടർന്ന് പൂനൂർ പുഴയുടെ സമീപപ്രദേശങ്ങളിലെ 60 വീടുകളിൽ വെള്ളം കയറി. പത്തോളം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിത്താമസിച്ചു. ശക്തമായ മഴ പെയ്തിട്ടും ബണ്ട് തുറക്കാനുള്ള നടപടി ചുമതലപ്പെട്ട ഉദ്യോഗസ്ഥർ എടുത്തില്ലെന്നാണു നാട്ടുകാരുടെ പരാതി. വെള്ളം ഉയർന്നതോടെ ബണ്ടിന്റെ ഒരു ഷട്ടർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തുറന്നത്.
ഇന്നലെ ബണ്ട് തുറക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്കു കാരണം സാധിച്ചില്ല. തുടർന്ന് ജലസേചന വകുപ്പ് അധികൃതർ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബണ്ട് തുറക്കാൻ സാധിക്കില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്മാർ കൈവിട്ടതോടെ കൗൺസിലർമാർ രംഗത്തിറങ്ങി യുവാക്കളുടെ സഹായത്തോടെ ബണ്ടിന്റെ ഏഴു പലകകൾ മാറ്റി. ഇതോടെ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സാധിച്ചു. രാത്രിയോടെ പ്രദേശത്തെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി.