മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു.
കോൾട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൽ റഹ്മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംതിയാസിനെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമികൾ ഇരുവരെയും വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. അബ്ദുൽ റഹ്മാൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കൊല്ലപ്പെട്ട അബ്ദുൽ റഹ്മാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനും കോൽത്തമജലു മസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എൻ.യതീഷ് പറഞ്ഞു.
അതേസമയം ദക്ഷിണ കന്നട ജില്ലയിൽ 30 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രാബല്യത്തിൽ വന്ന നിരോധാജ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു വരെ തുടരും.
ഒരുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. മലയാളി കൂടിയായ മുഹമ്മദ് അഷ്റഫ്, ബജ്റംഗ് ദൾ നേതാവും ഒരു കൊലപാതക കേസ് പ്രതിയുമായ സുഹാസ് ഷെട്ടിയും കൊല്ലപ്പെട്ടിരുന്നു.