ന്യൂഡൽഹി: നാവിക സാഗർ പരികർമ-രണ്ടിന്‍റെ ഭാഗമായി പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ നാവികസേനയുടെ വനിതാ നാവികർ ചരിത്രയാത്ര പൂർത്തിയാക്കി നാളെ തീരമണയും. ഗോവയിലെ മോർമുഗാവോ തുറമുഖത്തിൽ എത്തുന്ന ഐ.എൻ.എസ്.വി തരിണിയെയും യാത്രികരായ മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയെയും തമിഴ്നാട്ടുകാരിയും ലഫ്റ്റനന്‍റ് കമാൻഡറുമായ രൂപ അഴഗിരിസാമിയെയും സ്വീകരിക്കുന്ന ഫ്ളാഗ് ഇൻ ചടങ്ങി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേതൃത്വം നൽകും. ഏഴു മാസം നീണ്ടുനിന്ന പായ്‌വഞ്ചിയിലെ യാത്രക്കാണ് പരിസമാപ്തിയാകുന്നത്.
2024 ഒക്ടോബർ രണ്ടിന് ഗോവയിലെ ഐ.എൻ.എസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ നിന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ഐ.എൻ.എസ്.വി തരിണിയിലുള്ള 'നാവിക സാഗർ പരിക്രമ II' പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങൾ കൊണ്ട് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുക എന്നതാണ് ചരിത്ര പര്യവേഷണം കൊണ്ട് നാവികസേന ലക്ഷ്യമിടുന്നത്.