കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ കസ്റ്റഡിയിൽ. കൈനോട്ടക്കാരനായ ശശികുമാർ എന്ന ഇയാളാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് പൊലിസിനെ വിളിച്ചറിയിക്കുന്നത്. ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇയാൾക്കെതിരെ പോക്സോ ചുമത്തും.
ഇന്നലെ കൊച്ചിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷിഫാനെയെ ഇടുക്കി തൊടുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. തൊടുപുഴ ബസ് സ്റ്റാന്റിനു സമീപത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുന്ന സമയം കുട്ടിയോടൊപ്പം ശശികുമാറുമുണ്ടായിരുന്നു.
ഇടപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. ഇന്നലെ രാവിലെ സേ പരീക്ഷ എഴുതാൻ പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ കുടുംബം എളമക്കര പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. കൊച്ചി നഗരത്തിൽ ഉടനീളം പൊലിസ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇടപള്ളി ലുലു മാളിനു സമീപമുള്ള വഴിയിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കണ്ടെത്തിയ വിവരം ലഭിച്ചതിന് പിന്നാലെ രക്ഷിതാക്കൾ തൊടുപുഴയിൽ എത്തിയിട്ടുണ്ട്.
കുട്ടി രാവിലെ 8നാണ് സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി പോയത്. എന്നാൽ ഒമ്പതരയോടെ തന്നെ കുട്ടി പരീക്ഷാ ഹാൾ വിട്ടിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയെന്ന് സംശയിച്ചെങ്കിലും കുട്ടി അവിടെ എത്തിയതായി വിവരമൊന്നും ലഭിച്ചിരുന്നില്ല.