കൽപ്പറ്റ: പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ദിൽഷാന ജീപ്പിടിച്ച് മരിച്ചെന്ന വാർത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ദിൽഷാനയെ വാഹനം ഇടിച്ചത് കണ്ട അയൽവാസിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ് സംഭവം.
കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് ഇന്ന് രാവിലെ പാൽ വാങ്ങാനിറങ്ങിയപ്പോളുണ്ടായ അപകടത്തിൽ മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. പാൽ വാങ്ങാനായി റോഡരികിൽ നിന്ന പെൺകുട്ടിയെ നിയന്ത്രണം വിട്ടു വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെൺകുട്ടി സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ നിന്നും ദിൽഷാനയുടെ മൃതദേഹം കമ്പളക്കാട് വീട്ടിൽ എത്തിച്ചിട്ടുണ്ട്