വടകര: മീന്‍ പിടിക്കുന്നതിനിടയില്‍ കനാലില്‍ വീണ് യുവാവ് മരിച്ചു. തോടന്നൂര്‍ വരക്കൂല്‍ താഴെ മുഹമ്മദ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര- മാഹി കനാലിൽ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് സംഭവം. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടയിലാണ് യുവാവ് കനാലില്‍ വീണത്. പിടിച്ച മത്സ്യം ബക്കറ്റില്‍ കരയില്‍ കണ്ടതിനെ തുടര്‍ന്നാണ് മത്സ്യബന്ധനത്തിന് വന്നയാള്‍ അപകടത്തില്‍പ്പെട്ട കാര്യം മനസ്സിലായത്.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കും ആഴക്കൂടുതലും തെരച്ചിന് തടസമായി. ഒടുവിൽ കടലില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വല ഉപയോഗിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. നാട്ടുകാരും വടകര പോലീസും വടകര, നാദാപുരം ഫയര്‍ഫോഴ്സും തെരച്ചലില്‍ ഏര്‍പ്പെട്ടു. സ്ഥലം എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടിയടക്കം സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.