പത്തനത്തിട്ട: മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാൾ പോലീസ് പിടിയിൽ. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്. പത്തനംതിട്ടയിൽ ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലെത്തിയത്.
മെയ് മാസം 30 ന് വാഴമുട്ടം സെന്റ്റ് ബഹനാൻ പള്ളിയിലെ കുരിശടിയുടെ ചില്ല് തകർത്ത നിലയിൽ കാണപ്പെട്ടു. മോഷണശ്രമത്തിന് കേസെടുത്ത പോലീസ് സിസിടിവി പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയിൽ വന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
മെയ് 28 നാണ് ഓട്ടോറിക്ഷ മോഷണം പോകുന്നത്. ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന പറമ്പിന്റെ പരിസരത്ത് ഇയാളെ ചിലർ കണ്ടിരുന്നു. ഓട്ടോയുമായി രക്ഷപ്പെടുന്ന അവസരത്തിൽ ഡീസൽ നിറയ്ക്കാൻ കയറുകയും പണം കൊടുക്കാതെ കടന്നുകളയുകയും ചെയ്തു.
വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ഈ മൂന്ന് കേസുകളിലും പ്രതി ഒരാളെന്ന് മനസ്സിലാവുകയും പത്തനംതിട്ടയിൽ നടത്തിയ തിരച്ചലിൽ ഇയാളെ പിടികൂടുകയുമായിരുന്നു