മട്ടാഞ്ചേരി: ബേപ്പൂരിനു സമീപം അറബിക്കടലിൽ സിംഗപ്പൂർ കപ്പലിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കേസെടുത്ത് കോസ്റ്റൽ പൊലിസ്. അഗ്നിക്കിരയായ എം.വി വാൻ ഹയി 503 കപ്പലിനെതിരേയാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഒമ്പതിനാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. കണ്ടെയ്നനറുകൾക്ക് തീപിടിച്ചതിനെ തുടർന്ന് കേരള തീരത്തെയാകെ ആശങ്കയിലാഴ്ത്തിയ കപ്പലിനെതിരേ സാധാരണ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എം.വി വാൻ ഹയി 503 കപ്പൽ കമ്പനി ഉടമ, കപ്പൽ മാസ്റ്റർ, മറ്റു ജീവനക്കാർ (ക്രൂ അംഗങ്ങൾ) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. കോഴിക്കോട് വടകര ഒഞ്ചിയത്ത് പി.വി സുനീഷിന്റെ പരാതിയിലാണ് കേസ്. ഇതിനിടെ തീരത്തുനിന്ന് 108 കിലോമീറ്റർ മാറി പുറംകടലിലേയ്ക്ക് നീക്കിയ കപ്പലിൽ നിന്നുള്ള ആശങ്ക ഒഴിഞ്ഞിട്ടില്ല. കടലിൽ ശക്തമായ കാറ്റും മഴയും കാരണം തീയണയ്ക്കൽ സാധ്യമായിട്ടില്ലെന്നാണ് റിപ്പോർട്ട്.