കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ടെൻഡർ ലീഫ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'തണൽ പദ്ധതി'ക്കും ഔദ്യോഗികമായി തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിൽജ എം ആറിൻ്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. മിൾട്ടൺ മൂളങ്ങാശ്ശേരി അദ്ധ്യക്ഷപദം അലങ്കരിക്കുകയും പഠന മേഖലയിൽ വിജയങ്ങൾ മാത്രം കൈവരിക്കുന്ന നസ്രത്തിലെ കുരുന്നുകൾക്ക് സർഗാത്മക മേഖലയിലും തിളക്കമാർന്ന വിജയം നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ചടങ്ങിൽ മുഖ്യാതിഥിയായ് എത്തിയ ടെൻഡർ ലീഫ് ഫൗണ്ടേഷൻ ഡയറക്ടർ ശ്രീമതി അമല വർഗീസ് ചടങ്ങിൽ വച്ച് നിർദരരായ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെ പ്രവർത്തനവും തിരി തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ്, പി ടി എ പ്രസിഡൻ്റ് ഷാഹിം ഹാജി, എം പി ടി എ പ്രസിഡൻ്റ് നീതു ജോസഫ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ശേഷം കുട്ടികളുടെ ആസ്വാദ്യകരമായ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. അധ്യാപിക മരിയ ജോസിൻ്റെ നന്ദിയോടെ പരിപാടി അവസാനിച്ചു. സോണിയ സി, ദിൻഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.