മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. പുതിയ വോട്ടർമാരെ ചേർക്കാനും മരിച്ചവർ, സ്ഥലം മാറിയവർ തുടങ്ങിയവരെ ഒഴിവാക്കാനും ഇതോടെ അവസരമുണ്ടാകും. തദ്ദേശസ്ഥാപനങ്ങളിൽ പുതിയ വാർഡ് രൂപീകരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
കരട് വോട്ടർ പട്ടിക ഈമാസം നാലിന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നത്. പുതിയ വാർഡുകളിലടക്കം പോളിങ് ബൂത്തുകൾ ക്രമപ്പെടുത്തിയ ലിസ്റ്റ് കഴിഞ്ഞ മാസം 30ന് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ ജില്ലാ കലക്ടർമാരോട് നിർദേശിച്ചിരുന്നു. എന്നാൽ, ബൂത്ത് ക്രമീകരണത്തിലെ അവ്യക്തതയെ തുടർന്ന് ജില്ലാതലത്തിൽ നിന്ന് കരട് വോട്ടർ പട്ടിക സമയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകാനായില്ല. ഇതോടെയാണ് ഈ മാസം നാലിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ മാസം 9നകം പ്രസിദ്ധീകരിക്കാൻ നിർദേശിച്ചത്. നിലവിൽ ലഭിച്ച ലിസ്റ്റ് തെരഞ്ഞടുപ്പ് കമ്മിഷൻ അംഗീകരിച്ചട്ടുണ്ട്.
വാർഡ് വിഭജനം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പായതിനാൽ മുൻകാലത്തേക്കാൾ കൂടുതൽ തെരഞ്ഞെടുപ്പ് ബൂത്തുകൾ ക്രമീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ 1712 വാർഡുകളാണ് ഇത്തവണ കൂടിയത്. ഇവിടെയെല്ലാം പുതിയ പോളിങ് ബൂത്തുകൾ ക്രമകരിക്കേണ്ടിവന്നതിനാൽ മുൻവർഷത്തെ പോളിങ് ബൂത്ത് സിസ്റ്റം പൂർണമായും മാറ്റിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ ഒരുവാർഡിൽ 1300 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന രീതിയിലും നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ 1600 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലും ക്രമീകരിക്കാനാണ് കമ്മിഷൻ നിർദേശിച്ചത്. 2025 ജനുവരി 1ന് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും.