കാക്കൂർ: സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവരോട് റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
കുഞ്ഞിന്റെ പോസ്റ്റുമോർട്ടം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂര്‍ത്തിയായി. ചേളന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ്റെയും ഇംതിയാസിൻ്റെയും രണ്ടു മാസം പ്രായമായ മകൻ എമിൻ ആദം ആണ് ഞായറാഴ്ച മരിച്ചത്. സംഭവത്തിൽ കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്.