കോഴിക്കോട് : രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലി നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് മുപ്പത്തിയാറു വർഷം മുൻപത്തെ എഫ്ഐആറും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണസംഘം തിരയുന്നു. ഇവ രണ്ടും കേസിൽ വഴിത്തിരിവാകുമെന്നതാണ് പ്രതീക്ഷ.
1989 സെപ്റ്റംബർ 24-ന് വെള്ളയിൽ കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടന്നയാളുമായി ബന്ധപ്പെട്ട കേസാണ് മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ജീവൻ വെക്കുന്നത്.
മുഹമ്മദലി പറഞ്ഞതിൽ കഴമ്പുണ്ടോയെന്ന് ഉറപ്പിക്കാനാണ് പഴയരേഖകൾ തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. കേസ് ഡയറിതന്നെ കാണാതായ സാഹചര്യത്തിൽ പുനരന്വേഷണം ആരംഭിക്കാൻ ഏറ്റവും കുറഞ്ഞത് എഫ്ഐആറും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വേണം. ഇതിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോഴിക്കോട് മെഡിക്കൽ കോേളജിലെ ഫൊറൻസിക് വിഭാഗത്തിൽനിന്ന് ചൊവ്വാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി തിങ്കളാഴ്ച ഫൊറൻസിക് മെഡിസിൻ വിഭാഗത്തെ അന്വേഷണസംഘം സമീപിച്ചിരുന്നു.
സംഭവം നടന്ന തീയതി സ്ഥിരീകരിച്ചത് എഫ്ഐആർ ഇൻഡക്സും കീബുക്കും പരിശോധിച്ചാണെങ്കിലും കേസെടുത്ത എഫ്ഐആർ ലഭിച്ചിട്ടില്ല. ഇത് ബന്ധപ്പെട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽനിന്നോ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽനിന്നോ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിലെ വിവരങ്ങളും മുഹമ്മദലിയുടെ മൊഴിയും സാമ്യമുണ്ടെങ്കിൽ തുടരന്വേഷണത്തിന് കൂടുതൽ സാധ്യത തെളിയും.