തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണ് നാളെ തുടക്കം. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയാറെടുക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിനെ നയിക്കുന്നത്. മത്സരം ജിയോഹോട്ട് സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാതെയാണ് കേരളം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി അവസാനിപ്പിച്ചത്. ഫൈനലിൽ ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിൻ്റെ സ്ഥാനം. പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിൽ വച്ചാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിൻ്റെ എവേ മത്സരങ്ങൾ.
ബാറ്റിങ് നിരയിൽ സഞ്ജുവിൻ്റെ സാന്നിധ്യം ടീമിൻ്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മധ്യനിരയുടെ കരുത്തായി സച്ചിൻ ബേബിയും സൽമാൻ നിസാറുമുണ്ട്. കെസിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മൽ ഓപ്പണറായി ടീമിലുണ്ട്. ഒപ്പം അഹ്മദ് ഇമ്രാനും വത്സൽ ഗോവിന്ദും അടക്കമുള്ള താരങ്ങളുമുണ്ട്. നിധീഷ് എം.ഡി, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം തുടങ്ങിയവരാണ് ബൌളിങ് നിരയിലുള്ളത്. ഒപ്പം മറുനാടൻ താരങ്ങളായി ബാബ അപരാജിത്തും അങ്കിത് ശർമ്മയും കൂടിയുണ്ട്