മഞ്ചേരി: പുതുതായി അനുവദിച്ച വയനാട്, കാസർകോട് മെഡിക്കൽ കോളജുകൾക്ക് നാഷനൽ മെഡിക്കൽ കമ്മിഷൻ്റെ അനുമതി ലഭിക്കാൻ സർക്കാർ തുടങ്ങിയ കബളിപ്പിക്കൽ നാടകത്തിനെതിരേ ഡോക്ടർമാർ സമരത്തിലേക്ക്. പുതിയ മെഡിക്കൽ കോളജുകൾ അനുവദിച്ചെങ്കിലും 98 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാതെ മറ്റിടങ്ങളിൽ നിന്ന് സ്ഥലംമാറ്റം തുടരുകയാണ്.
വയനാട്, കാസർകോട് മെഡിക്കൽ കോളജുകൾക്ക് ഈ അടുത്താണ് നാഷനൽ മെഡിക്കൽ കമ്മിഷൻ്റെ താൽക്കാലിക അംഗീകാരം ലഭിച്ചത്. രണ്ടിടങ്ങളിലും എൻ.എം.സിയുടെ പരിശോധന നടന്നപ്പോൾ ഡോക്ടർമാർ ഉണ്ടെന്ന് വരുത്തിതീർക്കാൻ മറ്റിടങ്ങളിൽ നിന്ന് ഡോക്ടർമാരെ എത്തിച്ചിരുന്നു. ഇതിനെ എതിർത്തെങ്കിലും അംഗീകാരം ലഭിച്ചാൽ ഉടൻ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അംഗീകാരം നേടിയിട്ടും തസ്തിക സൃഷ്ടിക്കാൻ നടപടി ഉണ്ടായില്ല. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സർക്കാറിനെതിരേ തുറന്ന സമരം തീരുമാനിച്ചത്. ഇന്നലെ മുതൽ വിദ്യാർഥികളുടെ എല്ലാ കോഴ്സുകളുടെയും തിയറി ക്ലാസ് ബഹിഷ്കരിച്ച ഡോക്ടർമാർ ഇന്ന് നടക്കുന്ന ഹെൽത്ത് സമ്മിറ്റിൽ നിന്ന് വിട്ടുനിൽക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നിന്ന് നിരന്തരം സ്ഥലംമാറ്റം തുടരുന്നതാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്. വയനാട് 42 ഡോക്ടർമാരും കാസർകോട് 56 പേരും വേണം. ഇത്രയും തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം മറ്റു മെഡിക്കൽ കോളജുകളിൽ നിന്ന് സ്ഥലംമാറ്റം തുടരുകയാണെന്ന് കെ.ജി.എം.സി.ടി.എ ജനറൽ സെക്രട്ടറി ഡോ.സി.എസ് അരവിന്ദ് സുപ്രഭാതത്തോട് പറഞ്ഞു. മറ്റിടങ്ങളിൽ നിന്ന് ഡോക്ടർമാരെ എത്തിച്ച് വയനാട്ടിലും കാസർക്കോടും ജീവനക്കാർ ഉണ്ടെന്ന് വരുത്തിതീർത്ത് സർക്കാർ എൻ.എം.സിയെ കബളിപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. പ്രവേശന തസ്തികയിലെ ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, ഡി.എ കുടിശ്ശിക നൽകുക, അന്യായമായി പെൻഷൻ നിയന്ത്രിക്കുന്ന സീലിംങ് പരിധി ഉയർത്തുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാറിന് മുന്നിൽ വച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.