കൊല്ലം: നെടുവത്തൂര്‍ ആനക്കോട്ടൂരില്‍ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മദ്യക്കുപ്പി ഒളിപ്പിച്ചു വച്ചതില്‍ തുടങ്ങിയ കലഹമാണ് ഇന്നലെ മൂന്ന് പേരുടെ മരണത്തിലേക്കെത്തിച്ച സംഭവങ്ങള്‍ക്കു കാരണമായതെന്ന് പൊലീസ് പറയുന്നു.
ശിവകൃഷ്ണയും വിരുന്നെത്തിയ ബന്ധു അക്ഷയും ചേര്‍ന്നു വീട്ടിലിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരി മൂത്തതോടെ ശിവകൃഷ്ണയുടെ സ്വഭാവം മാറി. വീണ്ടും കുടിക്കാതിരിക്കാനായി അര്‍ച്ചന അവശേഷിച്ച മദ്യം ഒളിപ്പിച്ചുവച്ചു. രാത്രി പതിനൊന്നരയോടെ വീണ്ടും മദ്യപിക്കാന്‍ ശ്രമിച്ച ശിവകൃഷ്ണയ്ക്കു കുപ്പി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് അര്‍ച്ചനയെ ശിവകൃഷ്ണ മര്‍ദ്ദിച്ചതായും പൊലീസ് പറയുന്നു.
തടസ്സം പിടിക്കാന്‍ ചെന്ന കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അര്‍ച്ചനയുടെ മുഖത്തും ശരീരത്തും പുറത്തും എല്ലാം മുഷ്ടി ചുരുട്ടി ഇടിച്ചെന്നു കുട്ടികള്‍ പറഞ്ഞു. മര്‍ദനമേറ്റു ചുണ്ട് പൊട്ടി. കവിളിലും മുറിവുണ്ടായി. ഇടയ്ക്കു മര്‍ദനത്തിനു ശമനമുണ്ടായപ്പോള്‍ അര്‍ച്ചന തന്റെ പരിക്കുകള്‍ ചൂണ്ടിക്കാട്ടി ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തു. അതിനു ശേഷം ഫോണ്‍ ഒളിപ്പിച്ചു വച്ചു. വീണ്ടും മര്‍ദനം തുടങ്ങിയതോടെയാണു അടുക്കള ഭാഗത്തു കൂടി പുറത്തേക്കിറങ്ങിയ അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റില്‍ച്ചാടിയതെന്നും പൊലീസ് പറയുന്നു. പിന്നാലെയെത്തിയ ശിവകൃഷ്ണ കിണറിനു സമീപം വീഴുകയും ചെയ്തതായും പൊലീസ് പറയുന്നു.
ഓയൂര്‍ സ്വദേശിയെ വിവാഹം ചെയ്ത അര്‍ച്ചന വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹബന്ധം വേര്‍പെടുത്തി. ഈയിടെയാണ് ശിവകൃഷ്ണയുമായി പരിചയത്തിലായത്. രഹസ്യമായി വിദേശത്തേക്കു പോകാന്‍ അര്‍ച്ചന പാസ്‌പോര്‍ട്ട് എടുത്തിരുന്നു. പക്ഷേ ഇതു മനസ്സിലാക്കിയ ശിവകൃഷ്ണ അന്നുമുതല്‍ കലഹമായിരുന്നുവെന്നും പൊലീസ് പറയുന്നു.
കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ആറ്റിങ്ങല്‍ ഇളമ്പ എച്ച്എസിനു സമീപം 'ഹൃദ്യ'ത്തില്‍ സോണി എസ് കുമാര്‍ (36), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസത്തില്‍ (വിഷ്ണു വിലാസം)അര്‍ച്ചന (33), കൊടുങ്ങല്ലൂര്‍ അഴീക്കോട് മാങ്ങാംപറമ്പില്‍ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.
കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തില്‍ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണില്‍ പിടിച്ച് കിണറിനുള്ളിലേക്കു ടോര്‍ച്ച് തെളിച്ചു നില്‍ക്കുകയായിരുന്ന ശിവകൃഷ്ണയും പിന്നാലെ കിണറ്റിലേക്കു വീഴുകയായിരുന്നു. അര്‍ച്ചനയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതില്‍ മൂത്തയാള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മറ്റു രണ്ടു കുട്ടികള്‍ ആറിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.