പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. നാലാം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31 ന് നടന്ന കൊലപതാക കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് എന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ഒക്ടോബര്‍ 16 വ്യാഴാഴ്ചയാവും കേസില്‍ ശിക്ഷാവിധി പ്രസ്താവിക്കുക.
വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്. സജിത കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസില്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധി പറഞ്ഞത്.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയെ വീട്ടില്‍ കയറി ചെന്താമര എന്ന ചെന്താമരാക്ഷന്‍ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ സജിതയാണ്
കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. ഈ കേസില്‍ വിധി വരുന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.