കണ്ണൂര്‍: കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ചെമ്പന്തൊടിയിലെ ചെങ്കല്‍ ക്വാറിയിലാണ് അപകടം. അസം സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. പരുക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേര്‍ക്ക് മിന്നലേറ്റിട്ടുണ്ട്. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീന്‍, അബ്ദുള്‍ റഫീഖ് എന്നിവര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. എക്കാപറമ്പില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് സംഭവം. ഇതില്‍ സിറാജുദ്ദീന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ 18ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.