തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ മത്സരിപ്പിക്കാൻ കോൺഗ്രസ്. ട്രാൻസ്ജെൻഡർ കോൺഗ്രസ്. നൽകിയ നിവേദനം പരിഗണിക്കാമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉറപ്പുനൽകി. അഞ്ച് പേരെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ്, നടാല, അരുണിമ എം കുറുപ്പ്, രാഗരഞ്ജിനി, സന്ധ്യ എന്നിവർക്കാണ് സാധ്യത.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മത്സരിച്ചിരുന്നു. പക്ഷേ അതൊരു മുഖ്യധാരാ പാർട്ടിക്ക് വേണ്ടി ആയിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പോലെ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനം ഒരു അവസരം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നൽകുമ്പോൾ അത് തികഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു എന്നുള്ളതാണ് ട്രാൻസ്ജെൻഡർ വിഭാഗം വ്യക്തമാക്കുന്നത്.
പ്രാഥമികമായ ചർച്ച മാത്രമാണ് നടന്നിട്ടുള്ളത്. ഡിസിസി പ്രസിഡണ്ടുമാരും ഒക്കെ ആയിട്ടുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് അന്തിമഘട്ടത്തിലേക്ക് കടക്കൂ. കെസി വേണുഗോപാലിനെയും സണ്ണി ജോസഫിനെയും കണ്ട് വ്യക്തിപരമായി ഇക്കാര്യം ഉന്നയിച്ച ട്രാൻസ്ജെൻഡർ കോൺഗ്രസ് അംഗങ്ങൾക്ക് അനുകൂലമായ മറുപടി ലഭിച്ചു എന്നാണ് അവർ വ്യക്തമാക്കുന്നത്.