വെഞ്ഞാറമൂട്ടിൽ മേൽപ്പാല നിർമ്മാണം ആരംഭിക്കുന്നതിനാൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം, കൊട്ടാരക്കര ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങളും ബസുകളും നിശ്ചയിച്ച പുതിയ റൂട്ടുകളിലൂടെ വഴിതിരിഞ്ഞു പോകേണ്ടതാണ്
തിരുവനന്തപുരം: ഗതാഗത കുരുക്കിൽ പൊറുതി മുട്ടിയ വെഞ്ഞാറമൂടിൽ മേൽപ്പാലം നിർമാണം തുടങ്ങുന്നു. ഇതിൻ്റെ ഭാഗമായി പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമായി നടപ്പിലാക്കും. കെ.എസ് ആർ ടി.സി വാഹന യാത്രികരുടേയും മറ്റ് യാത്രാ - ചരക്കു വാഹനങ്ങളുടേയും ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചുകൊണ്ടാണ് ഗതാഗത നിയന്ത്രണം. ഡി.കെ മുരളി എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും ഇന്ന് മുതൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നു വരാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങരയിൽ നിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞു പോകണം. കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജംഗ്ഷനുകളിൽ നിന്ന് വലത്തേക്കു മാത്രം തിരിഞ്ഞ് പോകണം. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ് ആർ ടി സി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻ്റിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തി പോകണം.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയണം. പിന്നീട് മുക്കുന്നുർ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷൻ വഴി ആലന്തറ ഭാഗത്ത് എം.സി റോഡിലെത്തി പോകണം. കല്ലറ ഭാഗത്തേക്ക് പോകേണ്ട ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി പോകാവുന്നതാണ്