ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) അംഗങ്ങൾക്ക് അവരുടെ നിക്ഷേപത്തിലെ മുഴുവൻ തുകയും പിൻവലിക്കാൻ അവസരം. പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിൻവലിക്കാൻ കഴിയും. പി.എഫ് തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവിസ് 12 മാസമാക്കി കുറയ്ക്കുകയും ചെയ്തു. ഡൽഹിയിൽ കഴിഞ്ഞദിവസം ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റികളുടെ (സി.ബി.ടി) 238ാമത് യോഗത്തിലാണ് തീരുമാനം. ഇതുൾപ്പെടെ പി.എഫ് അക്കൗണ്ട് സംബന്ധിച്ച് വിവിധ മാറ്റങ്ങളും കൊണ്ടുവന്നു.
പി.എഫിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിലെ അർഹമായ ബാലൻസിന്റെ 100 ശതമാനം വരെ പിൻവലിക്കാനാണ് അനുമതിയായത്. അത്യാവശ്യ കാര്യങ്ങൾ (രോഗം, വിദ്യാഭ്യാസം, വിവാഹം), ഭവന നിർമാണം, പ്രത്യേക സാഹചര്യങ്ങൾ (പ്രകൃതിദുരന്തം, സ്ഥാപനം അടച്ചുപൂട്ടൽ, തുടർച്ചയായ തൊഴിലില്ലായ്മ, മഹാമാരി തുടങ്ങിയവ) എന്നിങ്ങനെ മൂന്ന് വിഭാഗമാക്കി ഭാഗിക പിൻവലിക്കൽ ഉദാരമാക്കുകയുംചെയ്തു.
തൊഴിലില്ലായ്മയുടെയോ വിരമിക്കലിന്റെയോ കേസുകളിൽ മാത്രമേ നേരത്തേ പി.എഫ് തുക പൂർണമായും പിൻവലിക്കൽ അനുവദിച്ചിരുന്നുള്ളൂ. ഒരു അംഗത്തിന് മാസം ജോലി നഷ്ടപ്പെട്ടതിന് ശേഷം 75% ബാലൻസും ബാക്കി 25% രണ്ട് മാസത്തിന് ശേഷവും എടുക്കാം. വിരമിക്കുമ്പോൾ പൂർണ്ണമായും പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട് വയ്ക്കുന്നതുൾപ്പെടെയുള്ള ചില ആവശ്യങ്ങൾക്ക് മൊത്തം തുകയുടെ 90 ശതമാനവും പിൻവലിക്കാൻ കഴിയുമായിരുന്നു. പുതുക്കിയ ചില നിയമത്തോടെ ആവശ്യമുള്ളപ്പോൾ അംഗങ്ങൾക്ക് മുഴുവൻ ബാലൻസും എടുക്കാൻ കഴിയും.
അംഗങ്ങൾക്ക് ഇപ്പോൾ വിദ്യാഭ്യാസത്തിനായി 10 തവണയും വിവാഹത്തിന് അഞ്ചു തവണയും പിൻവലിക്കാം. നേരത്തെ രണ്ട് ആവശ്യങ്ങൾക്കും മൂന്നുതവണ മാത്രമെ പിൻവലിക്കാൻ കഴിയുമായിരുന്നുള്ളൂ.
അതേസമയം, പ്രത്യേക സാഹചര്യങ്ങൾ എന്ന കാരണത്തിന് കീഴിൽ ഒരു വിശദീകരണവും നൽകാതെ തന്നെ പിൻവലിക്കാം.
എന്നാൽ റിട്ടയർമെന്റ് സേവിങ്‌സ് സംരക്ഷിക്കുന്നതിനായി അംഗത്തിന്റെ സംഭാവനയുടെ 25 ശതമാനം എല്ലായ്‌പ്പോഴും അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്ന നിയമം ഇ.പി.എഫ്.ഒ അവതരിപ്പിച്ചു. നിലവിൽ പ്രതിവർഷം 8.25% പലിശ ലഭിക്കുന്ന ഈ തുക തുടരും.