എറണാകുളം: കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു റെയ്‍ല ഒഡിംങ്കയുടെ അന്ത്യം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥത്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. മകൾ റോസ് മേരി ഒഡിങ്കയും ബന്ധുക്കളും ഒപ്പമുണ്ട്.
ആറു ദിവസം മുമ്പാണ് ആയുർവേദ ചികിത്സക്കായി റെയ്‍ല ഒഡിങ്ക കൂട്ടാത്തുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ എത്തിയത്. മുമ്പ് മകൾ റോസ് മേരിയുടെ നേത്രചികിത്സയുടെ ഭാഗമായി ഒഡിങ്ക ശ്രീധരീയത്തിൽ എത്തിയിരുന്നു. നേത്രചികിത്സ ഫലപ്രദമായിരുന്നു.
എംബസിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കെനിയയിലേക്ക് കൊണ്ടു പോകും. ഭാര്യ: ഇഡ ഒഡിങ്ക. മക്കൾ: റോസ് മേരി ഒഡിങ്ക, ഫിദൽ ഒഡിങ്ക, വിന്നീ ഒഡിങ്ക, റെയ്‍ല ഒഡിങ്ക ജൂനിയർ.
കെനിയൻ രാഷ്ട്രീയത്തിൽ പ്രമുഖനായ റെയ്‍ല ഒഡിങ്ക ഓർഗാനിക് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ്. 2008 മുതൽ 2013 വരെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. 1992 മുതൽ 2013 വരെ ലങ്കാറ്റ നിയോജക മണ്ഡലത്തെ പാർലമെന്‍റിൽ പ്രതിനിധീകരിച്ചു. 2013 മുതൽ കെനിയൻ പ്രതിപക്ഷ നേതാവാണ്.
1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വില്യം റിതോയായിരുന്നു ഒഡിങ്കയുടെ എതിരാളി.