ഡൽഹി: ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീം കോടതി. എന്നാൽ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്.
രാവിലെ ആറ് മുതൽ ഏഴ് വരെയും രാത്രി എട്ടു മുതൽ 10 വരെയുമാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി ഉള്ളത്. ഒക്ടോബർ 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നുമുതൽ 21-ാം തീയതി വരെ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്കും കോടതി അനുമതി നൽകി.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കർശന നിർദേശങ്ങളോടെ കോടതി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കർശന പരിശോധനകൾ നടത്താനും, നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ഡൽഹി സർക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സുപ്രീം കോടതി നടപടി. അതേസമയം കോടതി ഉത്തരവ് കൃത്യമായി പാലിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര വ്യക്തമാക്കിയിട്ടുണ്ട്.