പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും വേഗം നീക്കണമെന്ന ആശ്വാസകരമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ദേശീയ, സംസ്ഥാന പാതകൾ ഉൾപ്പെടെ പ്രധാന പാതകളിൽനിന്ന് നായകളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും നീക്കാൻ സർക്കാരും ദേശീയപാതാ അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും തെരുവിൽ അലയുന്ന മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിടികൂടുന്ന തെരുവുനായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. രാജ്യത്ത് തെരുവുനായകളുടെ ആക്രമണം വർധിച്ചുവരുന്നതിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. തെരുവുനായ്ക്കൾ പൊതുസ്ഥലങ്ങളിലുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളിൽ കോടതി നിശ്ചിതപ്പെടുത്തി. പ്രാഥമിക ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം.
ഇന്ത്യയിൽ 60 ദശലക്ഷത്തിലധികം തെരുവുനായ്ക്കളുണ്ട്. അവയിൽ വളരെ കുറച്ച് മാത്രമേ രോഗങ്ങളെയും വാഹനാപകടങ്ങളെയും അതിജീവിച്ച് സ്വാഭാവിക മരണത്തിന് കീഴടങ്ങുന്നുള്ളൂ. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഇന്ത്യയിൽ ഓരോ വർഷവും 9.1 ദശലക്ഷം നായ്ക്കളുടെ കടിയേറ്റ സംഭവം ഉണ്ടാകുന്നതായി കണ്ടെത്തി. കടിയേറ്റ അഞ്ചിൽ ഒരാൾക്ക് (20.5 ശതമാനം) ആന്റി-റാബിസ് വാക്‌സിനേഷൻ ലഭിച്ചിട്ടില്ല. ചികിത്സ ആരംഭിച്ചവരിൽ പകുതിയോളം പേർക്കും പൂർണമായ കോഴ്‌സ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ പഠനം ഇന്ത്യയിൽ പ്രതിവർഷം 5,726 മനുഷ്യ റാബിസ് മരണങ്ങൾ കണക്കാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോള റാബിസ് മരണസംഖ്യയുടെ 36 ശതമാനം ഇന്ത്യയിലാണ്. ഇത് പ്രതിവർഷം ഏകദേശം 60,000 ആണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ നിന്നുള്ള ഡാറ്റ പ്രകാരം 2022 നും 2024 നും ഇടയിൽ ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ ഏകദേശം 70 ശതമാനം വർധിച്ചു. ഇത് തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വ്യവസ്ഥാപരമായ പരാജയത്തെ സൂചിപ്പിക്കുകയും 2030ഓടെ പേവിഷബാധ തുടച്ചുനീക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.
തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നവരിൽ രാജ്യത്തെ വലിയൊരു വിഭാഗം കുട്ടികളും പ്രായമായവരുമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം, 2024 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യയിലുടനീളം 15 വയസിന് താഴെയുള്ള കുട്ടികളിൽ നായ്ക്കളുടെ കടിയേറ്റ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ മിക്കതും വീട്ടു പരിസരങ്ങളിലോ സ്‌കൂൾ മേഖലകളിലോ പുറത്ത് കളിക്കുമ്പോഴോ ആണ് സംഭവിച്ചത്.
നായ്ക്കളും മനുഷ്യനും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്. അവയുടെ ജീനുകളിൽ മനുഷ്യരുമായി ഇടകലർന്ന് ജീവിക്കാനുള്ള സഹജാവബോധം ഉൾച്ചേർന്നിരിക്കുന്നു. മറ്റു മൃഗങ്ങളെപ്പോലെ നായ്ക്കളും സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ നായ്ക്കൾ അലഞ്ഞുതിരിയുന്ന തെരുവ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമല്ല. മൃഗങ്ങളെ തെരുവുകളിൽ അലയാൻ വിടുന്നത് ദയയല്ല; അത് വ്യവസ്ഥാപിതമായ അവഗണനയാണ്.
തെരുവുകളിലെ മാലിന്യക്കൂമ്പാരങ്ങൾ തെരുവുനായ്ക്കൾക്ക് സ്ഥിരമായ ഭക്ഷണസ്രോതസാണ്. മാലിന്യം തെറ്റായി കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളിൽ നായ്ക്കൾ അതിജീവിക്കുകയും പെരുകുകയും ചെയ്യുന്നു. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലുണ്ടായ പരാജയം, നായ്ക്കൾക്കായി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുകയും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കുകയും ചെയ്യുന്ന 2023ലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) നിയമങ്ങൾ നടപ്പാക്കുന്നതിന്റെ പരാജയത്തിന് കാരണമായി. മാലിന്യനിർമാർജനത്തിൽ വിജയിച്ച ലോകമെമ്പാടുമുള്ള നഗരങ്ങൾ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ ഫലപ്രദമായി ഇല്ലാതാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളെ ഇല്ലാതാക്കുകയെന്ന വിഷയം, മനുഷ്യസുരക്ഷയുമായും മൃഗാവകാശങ്ങളുമായും മാത്രം ബന്ധപ്പെട്ടതല്ല. അത് ഉത്തരവാദിത്വമുള്ള ഭരണത്തെക്കുറിച്ചുള്ളതാണ്. തെരുവുനായ നിയന്ത്രണങ്ങൾക്ക് സുപ്രിംകോടതി ഉത്തരവ് അടിസ്ഥാനമായി മാറണം. തെരുവിലുള്ള നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതോടെ അത് അവസാനിക്കരുത്. അതൊരു തുടർപ്രക്രിയയാകണം. അതേസമയം, ജനസാന്ദ്രത കൂടിയ കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റൽ വലിയ വെല്ലുവിളിയാണ്. ഷെൽട്ടറുകൾക്കെതിരേ പൊതുജനങ്ങളുടെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. എ.ബി.സി സെൻ്ററുകൾ തുടങ്ങുന്നതിനുപോലും വലിയ സാമൂഹിക എതിർപ്പുകളാണ് കേരളത്തിൽ നിലനിൽക്കുന്നത്. ജനവാസ പ്രദേശങ്ങളിൽനിന്ന് അകലം പാലിച്ച് ഷെൽട്ടറുകൾ നിർമിക്കുന്നതിലൂടെ ഇൗ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കും.
വീട്ടിൽ നായ്ക്കളെ ഉറ്റ സുഹൃത്തുക്കളായി പരിപാലിക്കുന്നവർപോലും തെരുവിൽ അവയോട് വളരെ കുറച്ച് ദയ മാത്രമേ കാണിച്ചിട്ടുള്ളൂ. പലരും തങ്ങളുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുകയോ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയോ ചെയ്യുന്നു. ഇത് തെരുവുനായ്ക്കളുടെ വർധനവിന് കാരണമാകുന്നു. വൈദ്യുതാഘാതമേൽപ്പിക്കൽ, വിഷം കൊടുക്കൽ, വെടിവയ്ക്കൽ, അല്ലെങ്കിൽ അവയെ കൊന്നൊടുക്കൽ എന്നിവയുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ തെരുവുനായ പ്രശ്‌നം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. നായ്ക്കൾക്കെതിരേ ക്രൂരത കാട്ടുന്നവർക്കെതിരേ നടപടി വേണം. വികസിത രാജ്യങ്ങളിലെന്നപോലെ, നായ്ക്കളെ ചവറ്റുകുട്ടകളിൽ ഇടുകയോ തെരുവിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തണം. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും നിയന്ത്രണത്തിനും ഇന്ത്യയിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. തെരുവുനായ്ക്കൾക്ക് ആരോഗ്യ സംരക്ഷണവും അഭയവും നൽകാൻ മൃഗക്ഷേമ സംഘടനകൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമങ്ങൾ മാത്രം പോരാ. പ്രശ്നത്തിനുള്ള പരിഹാരത്തിന് ബഹുമുഖ സമീപനം ആവശ്യമാണ്.
വളർത്തുമൃഗങ്ങളുടെ ഉത്തരവാദിത്വം വളർത്തുന്നവർ ഏറ്റെടുക്കണം, അവയെ ഉപേക്ഷിക്കുകയോ ഒരു കെട്ടഴിച്ച് സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയോ ചെയ്യരുത്. ഇതിനുപുറമെ, ഉത്തരവാദിത്വമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിലെ അപകടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.