ദില്ലി: രാജ്യത്തെ നടുക്കി ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. . അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്‍റെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്നത് മൂന്നുപേരാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ചെങ്കോട്ടയിലെ പാര്‍ക്കിങിൽ പുറത്തേക്ക് വരുന്ന കാറിൽ ഡ്രൈവിങ് സീറ്റിൽ മാത്രമാണ് ഒരാളെ കാണുന്നത്. ഇതിനാൽ സ്ഫോടനം നടക്കുമ്പോള്‍ കാറിൽ ഒരാള്‍ മാത്രമാണോ ഉണ്ടായിരുന്നതെന്നും സംശയിക്കുന്നുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
അതേസമയം ദില്ലി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിന്‍റെ മുൻ ഉടമ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ. ഇയാൾ ഹരിയാന സ്വദേശിയാണെന്നാണ് സൂചന. കാർ ഇയാൾ ആർക്കാണ് വിറ്റത് എന്ന് കണ്ടുപിടിക്കാൻ വിശദ അന്വേഷണം നടക്കുന്നുണ്ട്. കാറ് വിറ്റത് പുൽവാമ സ്വദേശിക്കെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.