ന്യു ഡൽഹി: ഫ്രഷ് കട്ട് ദുരന്തബാധിതരായ നാലായിരത്തോളം കുംടുംബങ്ങളുടെ ദുരവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കുന്നതിനും ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുമായി ഒരു കൂടിക്കാഴ്ച നടത്താനും ഗ്രാമവാസികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിനും കേന്ദ്രസംഘം താമരശ്ശേരിയിൽ സന്ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരായ ഭുവനേന്ദ്ര സിംഗ് യാദവ്, ജോർജ് കുര്യൻ എന്നിവർക്ക് നിവേദനം നൽകി.
താമരശ്ശേരിയിൽ നിന്നുള്ള പൊതു പ്രവർത്തകരായ ജലീൽ തച്ചംപൊയിൽ, മൂസകുടുക്കിൽ, നൗഷ അണ്ടോണ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം എം.പി മാരായ എം.കെ രാഘവൻ,ബെന്നി ബെഹനാൽ,ജെബി മേത്തർ ഹിഷാം എന്നിവർ മുഖേന കേന്ദ്ര മന്ത്രിമാരുടെ ഓഫീസിലെത്തി നിവേദനത്തിലൂടെയാണ് ആവശ്യമുന്നയിച്ചത്. ജീവിക്കാനാവശ്യമായ ശുദ്ധവായുവും, കുടിവെള്ളവും മലിനമാക്കുന്ന ഈ കമ്പനിക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ നടത്തുന്ന പോലീസ് ഭീകരതയും ഗ്രാമവാസികളുടെ ജീവിത സ്തംഭനാവസ്ഥയും അവസാനിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രിമാരുടെ ഓഫീസ് ഉറപ്പ് നൽകിയതായി നിവേദന സംഘം അറിയിച്ചു.