ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് ജനപ്രാതിനിധ്യ നിയമപ്രകാരം ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ അനുവദിക്കുന്നതിനാൽ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് (യു ഐ ഡി എ ഐ) ഇത് വിജ്ഞാപനത്തിലൂടെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി.
എസ് ഐ ആറുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.
എസ് ഐ ആറിനുള്ള തിരിച്ചറിയൽ രേഖയായി ആധാർ അനുവദിച്ച സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ബഞ്ചിൻ്റെ പരാമർശം. ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് യു ഐ ഡി എ ഐ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നുണ്ടെന്ന് അശ്വനി ഉപാധ്യായ വാദിച്ചു.
ആധാർ നമ്പർ തിരിച്ചറിയൽ രേഖയായി പരാമർശിക്കാൻ അനുവദിക്കുന്ന ഫോം ആറിനേയും അദ്ദേഹം ചോദ്യം ചെയ്തു. ഇതോടെയാണ് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.
ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ ജനപ്രാതിനിധ്യ നിയമത്തിലെ സെക്്ഷൻ 23 (4) അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്‌ചി പറഞ്ഞു. ഒരു വിജ്ഞാപനത്തിന് നിയമപരമായ ഈ വ്യവസ്ഥയെ മറികടക്കാൻ കഴിയില്ലെന്നും ജഡ്‌ജി വിശദീകരിച്ചു. സർക്കാർ വിജ്ഞാപനം പ്രാഥമിക നിയമനിർമാണത്തെ മറികടക്കുന്ന ഒന്നല്ല. പ്രാഥമിക നിയമനിർമാണമായ ജനപ്രാതിനിധ്യ നിയമം ആധാറിന് തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട ഒരു പദവി നൽകിയിട്ടുണ്ട്. ആ വ്യവസ്ഥ ഭേദഗതി ചെയ്യുന്നത് വരെ യു ഐ ഡി എ ഐയുടെ ഒരു വിജ്ഞാപനം വഴി അതിനെ മറികടക്കാനാകില്ല.
പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം ആറ് ജനപ്രാതിനിധ്യ നിയമത്തിലെ സെക് ഷൻ 23 (4) ന്റെ ഭാഗമാണ്. അതുകൊണ്ട് യു ഐ ഡി എ ഐയുടെ എക്സിക്യൂട്ടീവ് വിജ്ഞാപനത്തിന്റെ പേരിൽ ഫോം ആറിനെ എതിർക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് നിർദേശത്തിലൂടെ സെക് ഷൻ ഭേദഗതി ചെയ്യാനും കഴിയില്ല. പാർലിമെന്റിന് മാത്രമേ ഇത് ഭേദഗതി ചെയ്യാൻ കഴിയൂവെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ആരോഗ്യ ഇൻഷുറൻസ് പാർലിമെന്റ് നിർബന്ധമാക്കിയതിനാൽ ആധാർ പൗരത്വത്തിൻ്റെ തെളിവായിരിക്കില്ല. എന്നാൽ, ആധാർ തീർച്ചയായും തിരിച്ചറിയലുമായി ബന്ധപ്പെട്ട രേഖയാണെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ആർ പി ആക്ട‌് സെക്ഷൻ 23 (4) പ്രകാരം വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി ആധാർ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ആധാർ നമ്പർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ആവശ്യപ്പെടാമെന്നാണ് വ്യക്തമാക്കുന്നത്.