ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ദില്ലിയിൽ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്.
ഇതിനിടെ, ദില്ലി സ്ഫോടന കേസിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടർമാർ കൂടി നെറ്റ്‍വർക്കിലുണ്ടെന്നാണ് നിഗമനം. ഭീകരർക്ക് കാർ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കെന്ന് ഡീലർ വെളിപ്പെടുത്തി. അതേസമയം, ഹരിയാനയിൽ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്തുവന്നു.
ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഭീകരൻ ഉമറിന്റെ സുഹൃത്ത് താരിഖിന് വിൽപ്പന നടത്തിയ ഡീലറെ ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് കണ്ടെത്തിയത്. ഫരീദാബാദിലെ റോയൽ കാർ സോണിലാണ് വിൽപ്പന നടന്നത്. ഒന്നര ലക്ഷം രൂപയ്ക്കാണ് കാർ വിറ്റതെന്ന് ഡീലർ അമിത് പട്ടേൽ പറഞ്ഞു. കാർ വാങ്ങിയ താരിഖ് ഉൾപ്പെടെ രണ്ടു പേരാണ് വാഹനം വാങ്ങാൻ എത്തിയതെന്നും രണ്ടാമത്തെ ആളെ കുറിച്ച് അറിയില്ലെന്നും അമിത് വ്യക്തമാക്കി.