ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡല്‍ഹി ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ മുസമില്‍ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട്ടില്‍നിന്ന് പിടിച്ചെടുത്ത 360 കിലോ സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം
വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂൾ കേസിലെ അന്വേഷണത്തിനിടെ ഹരിയാണയിലെ ഫരീദാബാദിലെ മുസമില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. പിടിച്ചെടുത്ത 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളില്‍ ഭൂരിഭാഗവും ഈ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ജയ്ഷ്-ഇ-മുഹമ്മദിന്റെ നിഴല്‍ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.