ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.
കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന തുടരുകയാണ്. കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വനിതാ ഡോക്ടർ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഏജൻസി രേഖപ്പെടുത്തും.
അതേസമയം അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരൻ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം. സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. വൈറ്റ് കോളർ ഭീകര സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് എൻഐഎ.