മദീനയിൽ ഇന്ത്യക്കാരായ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് അതിദാരുണമായ അപകടമാണ് സൗദി അറേബ്യയിൽ ഉണ്ടായത്. മക്കയിൽ നിന്നും പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 42 പേരാണ് മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമായിരുന്നു. ഇവരിൽ 16 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഒരാൾ മാത്രം രക്ഷപ്പെട്ടതായാണ് വിവരം. നവംബർ ഒമ്പതിനായിരുന്നു മദീന ലക്ഷ്യംവെച്ച് സംഘം യാത്രതിരിച്ചത്. ട്രാവൽ ഏജൻസി മുഖേനയായിരുന്നു യാത്ര. ഇവർ ഉംറ നിർവഹിച്ച് തിരിച്ച് വരുംവഴി ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.
ഇന്ത്യൻ സമയം രാത്രി 1.30 ഓടെയായിരുന്നു ബസിന് തീപ്പിടിച്ചത്. യാത്രാ ക്ഷീണത്താൽ എല്ലാവരും ഉറങ്ങിയിരുന്നതിനാൽ തന്നെ യാത്രക്കാർ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡീസൽ കൊണ്ടുപോകുന്ന ടാങ്കറിൽ ബസ് ചെന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബസ് കത്തിയമർന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
20 സ്ത്രീകളും 11 കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നു. പല മൃതദേഹങ്ങളും ഇനി തിരിച്ചറിയേണ്ടതുണ്ട്. നിലവിൽ മദീനയിലെ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. മദീനയിൽ തന്നെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രക്ഷപ്പെട്ടയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ തെലങ്കാന സർക്കാർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ കുടുംബത്തിന് 79979-59754/ 99129-19545 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സർക്കാർ അറിയിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൺ റൂം സജ്ജമാക്കിയിട്ടുണ്ട്. 8002440003 എന്ന ടോൾഫ്കീ നമ്പറിൽ ദുരിതബാധിതരുടെ കുടുംബാങ്ങൾക്ക് ബന്ധപ്പെടാം.